ആരാണ് പോക്കർ സാഹിബ്
"എവിടെയാണ് പഠിച്ചത്?"
"തിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജ്"
"എന്താണ്പി.എസ്.എം.ഒ?"
"പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ്"
"ആരാണ് പോക്കർ സാഹിബ്?"
ഉദ്യോഗാർത്ഥി നിന്ന് പരുങ്ങുന്നു.
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമായിരുന്ന ഡോ:വി.പി അബ്ദുൽ ഹമീദ് ഒരു പി.എസ്.സി.
ഇൻ്റർവ്യൂവിൽ തനിയ്ക്കുണ്ടായ അനുഭവം പങ്ക് വെച്ചതാണിത്.
ആരാണ് പോക്കർ സാഹിബ് എന്ന് അറിഞ്ഞിരിക്കേണ്ട ഒരു ജനവിഭാഗത്തിൽ നിന്ന് വരുന്ന ആ ഉദ്യോഗാർത്ഥിക്ക് അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള കോളേജിൽ പഠിച്ചിട്ടും അതാരാണ് എന്ന് അറിയില്ല.!!!
ഇതിൽ നിന്ന് തുലോം വ്യത്യസ്തമല്ല നമ്മിൽ പലരുടെയും അവസ്ഥ..!
നമ്മുടെ മൂക്കിന് താഴെ തിക്കോടി അങ്ങാടി പള്ളിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന, തിക്കോടിക്കാരുടെ പുതിയാപ്പിള കൂടിയായ മഹാനായ പോക്കർ സാഹിബിനെ അർഹിക്കുന്ന തരത്തിൽ അറിയാനും പുതുതലമുറക്ക് പകർന്ന് നൽകാനും നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് ഒരു അപ്രിയ സത്യമാണ്.
മുസ്ലീം ലീഗ് സമ്മേളനങ്ങളുടെ പ്രചാരണ ബോർഡുകളിലും, ലീഗ് ഓഫീസുകളുടെ ചുമരുകളിലും ഖാഇദേമില്ലത്തിന്റെയും, ബാഫഖി തങ്ങളുടെയും, സീതി സാഹിബിന്റെയും, ചിത്രങ്ങളോടൊപ്പം വെള്ളത്തൊപ്പിയിട്ട് പുഞ്ചിരി തൂകി നിൽക്കുന്ന
ആ മനുഷ്യൻ പോക്കർ സാഹിബാണെന്ന് മനസ്സിലാക്കാൻ പോലും നമ്മിൽ പലരും ഒരു പാട് വൈകി.!
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ മുന്നണി പോരാളിയും, ഭരണഘടനാ നിർമ്മാണ സഭാ അംഗവുമായിരുന്ന പോക്കർ സാഹിബിൻ്റെ ജീവിതം ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തെ എക്കാലത്തും പ്രോജ്വലിപ്പിച്ച് നിർത്തുന്ന ഐതിഹാസികമായ ഒരു അധ്യായമാണ്.
1937ൽ കോഴിക്കോട് കുറുമ്പ്രനാട് മണ്ഡലത്തിൽ നിന്നും സെൻട്രൽ അസംബ്ലിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഏറെ വിജയ സാധ്യതയോടെ സർവേന്ത്യാ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി പോക്കർ സാഹിബ് മത്സരിച്ചുവെങ്കിലും സ്വതന്ത്രനായി മത്സരിച്ച ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങളോട് പരാജയപ്പെട്ടു.,
തന്റെ ബന്ധുവായ ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങൾക്ക് വേണ്ടി കോഴിക്കോട് വലിയങ്ങാടിയിലെ അരിക്കച്ചവടക്കാരനായ ഒരു കൊയിലാണ്ടിക്കാരൻ പ്രചാരണത്തിന് ഇറങ്ങിയതായിരുന്നു കാരണം.,
എന്നാൽ പരിണിത പ്രജ്ഞനായ പോക്കർ സാഹിബിന്റെ പരാജയം ന്യൂനപക്ഷ രാഷ്ട്രീയത്തിനും സമുദായത്തിനുമുണ്ടാക്കിയ ദുഃഖവും നഷ്ടവും തന്നെ മാനസികമായി അലട്ടിയതാണ് താൻ മുസ്ലിം ലീഗിലേക്ക് കടന്നു വരാൻ കാരണമായതെന്ന് പിന്നീട് ആ കൊയിലാണ്ടിക്കാരൻ തുറന്ന് പറഞ്ഞുവത്രെ.,
മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ജനകീയാടിത്തറ പാകി, അധികാര രാഷ്ട്രീയത്തിൻ്റെ ഉത്തുംഗ സോപാനത്തിലേക്കാനയിച്ച വ്യക്തിപ്രഭാവം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഈ സംഘശക്തിയുടെ
ധന്യനേതൃത്വമായതിന് പിന്നിലെ നിമിത്തമായി മാറിയ തലശ്ശേരിക്കാരൻ ബഡേക്കണ്ടി പോക്കർ സാഹിബിനെ ഇനിയും നാമറിയാൻ ശ്രമിക്കാതെ പോയാൽ അത് അദ്ദേഹത്തോട് കാണിക്കുന്ന അനീതിയും അനാദരവുമായിരിക്കും.
1921ലെ മലബാർ കലാപത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി മദ്രാസിൽ മാപ്പിള അമിലിയറേഷൻ കമ്മിറ്റി രൂപീകരിക്കുകയും ഗവൺമെന്റ് വിലക്കുകൾ മറികടന്ന് രണ്ട് ലക്ഷത്തിലധികം രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത് മാപ്പിള ചരിത്രത്തിലെ ചങ്കുറപ്പിന്റെ പര്യായമായി മാറിയ അദ്ദേഹം
മലബാറിലെ മുസ്ലിംകളിൽ നിന്നുള്ള അഞ്ചാമത്തെ ബിരുദധാരിയും രണ്ടാമത്തെ അഭിഭാഷകനുമായിരുന്നു.
മദ്രാസ് ലോ കോളജിൽ നിന്ന് നിയമബിരുദം നേടുകയും മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയും ചെയ്ത പോക്കർ സാഹിബ് കേരളീയ മുസ്ലിം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ആധാരശിലകളായിരുന്ന സൗത്ത് ഇന്ത്യ മുസ്ലിം എഡുക്കേഷൻ സൊസൈറ്റിയും കേരള മുസ്ലിം എഡുക്കേഷൻ അസോസിയേഷനും സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു.
ഭരണഘടനാ നിർമ്മാണ സഭാ അംഗമായിരുന്ന അദ്ദേഹം ന്യൂനപക്ഷാവകാശങ്ങൾ എഴുതി ചേർക്കുന്നതിലും സംരക്ഷിക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചു.,
പിന്നോക്ക ജനവിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ നിശ്ചിത ക്വാട്ട സംവരണം ചെയ്യണമെന്ന ഭരണഘടനയിലെ പതിനാറാം വകുപ്പിൻ്റെ ശിൽപ്പി അദ്ദേഹമായിരുന്നു.
മദ്രാസ് MLA യും മുസ്ലിം ലീഗ് ദേശീയ നിർവ്വാഹക സമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന അദ്ദേഹം സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം ലീഗിന്റെ ആദ്യത്തെ പാർലമെന്റ് മെമ്പറായിരുന്നു.,
1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ടിനെ കുറിച്ച് നടന്ന ചർച്ചയിൽ പാർലമെൻ്റിൻ്റെ കരിങ്കൽ ഭിത്തികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് പോക്കർ സാഹിബ് നടത്തിയ ചരിത്രപ്രസിദ്ധമായ ഒരു വിയോജിപ്പിൻ്റെ ശബ്ദം മാത്രം മതി പോക്കർ സാഹിബെന്ന അതികായനെ മനസ്സിലാക്കാൻ., കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരുമടങ്ങുന്ന ബഹുഭൂരിക്ഷം അംഗങ്ങളും ബില്ലിന് അനുകൂലമായിരുന്നു. പോക്കർ സാഹിബ് ബില്ലിനെതിരെ ശക്തിയുക്തം വാദിച്ചു.
അവസാനം സ്പീക്കർ ബില്ല് ശബ്ദ വോട്ടിനിട്ടു. മുഴുവൻ അംഗങ്ങളും ബില്ലിനെ അനുകൂലിച്ച് ശബ്ദമുയർത്തി യെങ്കിലും പോക്കർ സാഹിബ് ഉയർത്തിയ വിയോജിപ്പിൻ്റെ ശബ്ദം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ശബ്ദമായി കണ്ട് കൊണ്ട് പ്രസ്തുത നീക്കത്തിൽ നിന്ന് ഗവൺമെൻ്റ് പിൻവാങ്ങി.
ഭരണഘടനാ നിർമ്മാണ സഭയിൽ ന്യൂനപക്ഷാവകാശങ്ങൾ എഴുതിച്ചേർക്കുന്നതിലും, പാർലമെൻറിനകത്തെ അവകാശ സംരക്ഷണ പോരാട്ടങ്ങളിലും ഖാഇദേമില്ലത്തിനോടൊപ്പം ചേർന്ന് പോക്കർ സാഹിബ് നടത്തിയ അവിശ്രാന്ത പരിശ്രമങ്ങൾ കൃതജ്ഞതാഭരിതമായ ഹൃദയത്തോടെയാണ് രാഷ്ട്രം ഇന്നും അനുസ്മരിക്കുന്നത്.
1965 ൽ ഇത് പോലൊരു ജൂലൈ 29 നാണ് ആ സമരജീവിതം അവസാനിച്ചത്.,
പ്രിയ നേതാവിൻ്റെ പ്രോജ്വലമായ ഓർമ്മകൾക്ക് മുമ്പിൽ പ്രാർത്ഥനാ വസ്വിയത്തോടെ....
✍️ ഷാഹുൽ അമീൻ ബിൻ മജീദ്

അഭിപ്രായങ്ങളൊന്നുമില്ല