മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി :75 വയസ്സ് പിന്നിട്ട ആദ്യകാലപ്രവർത്തകരെആദരിച്ചു
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി: പുഴക്കാട്ടിരി പഞ്ചായത്തിലെ 75 വയസ്സ് പിന്നിട്ട ആദ്യകാലപ്രവർത്തകരെആദരിച്ചു
റിപ്പോർട്ട് : റാഫി അലിക്കൽ
രാമപുരം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി പഞ്ചായത്തിലെ 75 വയസ്സ് പ്രായമായ ആളുകളെ ആദരിച്ചു. രാമപുരം അനുഗ്രഹ ഓഡിറ്റോറിയത്തിൽ ഹാഫിദ് മുഹമ്മദ് സിയാദ് കെ യുടെ ഖുർആൻ പാരായണത്തോടെ തുടങ്ങിയ ചടങ്ങിൽ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡന്റ് അഷ്റഫ് തൊട്ടിയിൽ സ്വാഗതം പറഞ്ഞു. മങ്കട മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സാദിഖ് അലി കെപി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി പ്രസിഡണ്ട് ഹനീഫ നടുവഞ്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചന്ദ്രിക മുൻ ചീഫ് എഡിറ്റർ സിപി സൈദലവി സാഹിബ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തിലെ പഴയ കാല നേതാക്കളുടെയും പ്രവർത്തകരുടെയും സേവനങ്ങളത്രയും എണ്ണിപ്പറഞ്ഞു കൊണ്ട് അദ്ദേഹം നിർവ്വഹിച്ച പ്രഭാഷണം സദസ്യരെ ഒന്നടങ്കം ഗതകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പഴയ കാല പാട്ടുകളും കഥകളുമായി ജനഹൃദയം കീഴടക്കിയ വിടൽ കെ മൊയ്ദുവിന്റെ പഴയ കാല പാട്ടുകളും കഥകളും സദസ്സിനു കൂടുതൽ ഉണർവ്വേകി. 13 മണിക്കൂർ കൊണ്ട് വിശുദ്ധ ഖുർആൻ മനഃപാഠമോതിയ സിയാദ് എന്ന വിദ്യാർത്ഥിക്ക് അബ്ദുള്ള മാസ്റ്റർ മാമ്പ്രത്തൊടി ഉപഹാരം കൈമാറി.
പിന്നീട് നടന്ന ചടങ്ങിൽ 75 ഉം അതിലധികവും പ്രായമുള്ള മുൻകാല മുസ്ലിം ലീഗ് നേതാക്കളെയും പ്രവർത്തകരെയും പുതു തലമുറയിലെ മണ്ഡലം പഞ്ചായത്ത് നേതാക്കൾ ചേർന്ന് ആദരിച്ചു. ശാരീരിക അവശതകൾ കാരണം ചടങ്ങിൽ പങ്കെടുക്കാൻ പ്രയാസമുള്ള ആളുകളെ കഴിഞ്ഞ മൂന്നാലു ദിവസങ്ങളിലായി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി നേതാക്കളും മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും നേതാക്കളും അവരുടെ വീടുകളിൽ നേരിട്ടെത്തി ആദരിക്കുകയും സന്തോഷം കൈമാറുകയും ചെയ്തിരുന്നു. പ്രസ്തുത സന്ദർശന വേളയിൽ അവരുടെ ഗതകാല ഓർമ്മകളും അനുഭവങ്ങളുമടങ്ങുന്ന വീഡിയോകളും തയ്യാറാക്കിയിരുന്നു. 75 ഉം അതിലധികവും പ്രായമുള്ള മുന്നൂറോളം വരുന്ന മുൻകാല നേതാക്കളും പ്രവർത്തകരുമാണ് അവരുടെ വീടുകളിൽ വച്ചും ഇന്നത്തെ ഊഷ്മളമായ ചടങ്ങിൽ വച്ചും പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിയുടെ കീഴിൽ ആദരിക്കപ്പെട്ടത്.
ഇന്ന് നടന്ന ചടങ്ങിൽ പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചക്കച്ചൻ ഉമ്മുകുൽസു, പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ട്രഷറർ റഷീദ് മാമ്പ്രതൊടി, ദളിത് ലീഗ് മങ്കട മണ്ഡലം പ്രസിഡണ്ട് സുരേഷ് ബാബു, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ മാസ്റ്റർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സൈനുദ്ധീൻ മാസ്റ്റർ, യൂത്ത് ലീഗ് പ്രസിഡണ്ട് അനീസ് മാസ്റ്റർ, എംഎസ്എഫ് പ്രസിഡണ്ട് മുബശ്ശിർ, വനിതാ ലീഗ് പ്രസിഡണ്ട് മൈമൂന പാലപ്ര, പ്രവാസി ലീഗ് പ്രസിഡണ്ട് ജമാൽ പരവക്കൽ തുടങ്ങിയ മണ്ഡലം പഞ്ചായത്ത് തല നേതാക്കൾ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി പ്രവർത്തക സമിതി അംഗം ഹംസപ്പു സി എച്ച് നന്ദി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല